Total Pageviews

Friday 12 September 2014

മരച്ചീനി (കപ്പ) പുരാണം.


                         
                                     മരച്ചീനി രുചിക്കാത്ത മലയാളിയുണ്ടാവില്ല. മരച്ചീനിയുടെ ഉത്ഭവം തെക്കേ അമേരിക്കയിലെ ബ്രസീലിലാണെങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മുഖേനയാണ് മരച്ചീനി ഇന്ത്യയില്‍ പ്രചരിച്ചത്.ഭക്ഷണരീതിയില്‍ കാലത്തിനൊത്തുളള 

മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്നും മലയാളിക്കു പ്രിയപ്പെട്ട ഭക്ഷണമാണു മരച്ചീനി. എന്നാല്‍ മരച്ചീനി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു
ണ്ട് എന്ന അഭിപ്രായം ചിലര്‍ക്കെങ്കിലുമുണ്ട്. ഇപ്പോള്‍ മരച്ചീനി മുഖ്യാഹാരമായി ആരുംതന്നെ കഴിക്കുന്നില്ല. സാമ്പത്തിക നിലയും ജീവിതനിലവാരവും മാറിയപ്പോള്‍ മരച്ചീനിയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയും മാറി. വളരെയധികം കലോറിമൂല്യമുളള ആഹാരമാണ് മരച്ചീനി. ഇതില്‍ 87 ശതമാനവും കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്.
മരച്ചീനി അമിതമായി കഴിക്കുന്നവരില്‍ കാണപ്പെടുന്ന രോഗങ്ങള്‍
പണ്ട് മരച്ചീനിമാത്രം പ്രധാന ആഹാരമായി കഴിച്ചിരുന്നവരുടെ ഇടയില്‍ പാന്‍ക്രിയാസ് ഗ്രന്ഥിയിലുളള രോഗങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.. കൂടുതല്‍ മരച്ചീനി കഴിക്കുന്നവരില്‍ പാന്‍ക്രിയാസില്‍ കല്ലുകള്‍ ധാരാളമുളളതായും അങ്ങനെയുളളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണെന്നും കണ്ടെത്തി. പാന്‍ക്രിയാസിലുണ്ടാകുന്ന കല്ലുകള്‍ വയറ്റിനുളളില്‍ നല്ല വേദനയുണ്ടാക്കുന്നു. പുറകോട്ടു ചാരിയിരിക്കുമ്പോഴും മലര്‍ന്നു കിടക്കുമ്പോഴുമായിരിക്കും വയറ്റില്‍ വേദന അനുഭവപ്പെടുന്നത്. മുമ്പോട്ടു ചാഞ്ഞിരുന്നാലും കമിഴ്ന്നുകിടന്നാലും ഈ വേദനയ്ക്ക് കുറച്ചു ശമനം കിട്ടാറുണ്ട്. ഇന്ന് ആഗ്നേയഗ്രന്ഥിയിലെ കല്ലുകള്‍കൊണ്ട് പ്രമേഹം ഉണ്ടാകുന്നത് വളരെ കുറവാണ്. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ഏതുവീക്കത്തിനും ‘പാന്‍ക്രിയൈറ്റൈറ്റിസ്’ എന്നാണു പറയുന്നത്. ഈ രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് അമിതമായ മരച്ചീനി ഉപയോഗം

മരച്ചീനി അമിതമായി കഴിക്കുന്നതുമൂലം പ്രധാനമായുണ്ടാകുന്ന മറ്റൊരു രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം. കപ്പയില്‍നിന്നും ‘ലിനാമറിന്‍’ എന്ന പദാര്‍ത്ഥം ശരീരത്തിനുളളിലെത്തുമ്പോള്‍ അതില്‍ നിന്ന് ‘ഹൈഡ്രോസൈനിക് ആസിഡ് വീണ്ടും ‘തയോസൈനേറ്റ്’ എന്ന പദാര്‍ത്ഥമായി മാറുന്നു. തയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോര്‍മോണായ തൈറോക്സിന്റെ എഴുപതുശതമാനവും അയഡിന്‍ ആണ്.
വേണ്ടത്ര അയഡിന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാവും. ഭക്ഷണത്തില്‍കൂടി അയോഡിന്‍ ശരീരത്തിനു ലഭിച്ചാലും കപ്പയില്‍നിന്നു ശരീരത്തിലുണ്ടാകുന്ന തയോസൈനേറ്റ്, അയോഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയിലേക്ക് കയറുന്നതിനെ തടസ്സപ്പെടുത്തുന്നു. ശരീരത്തിനാവശ്യമായ തൈറോക്സിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ത•ൂലം കുറയുന്നു. ഇതിന്റെ ഫലമാ.യി തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുകയും ഗ്രന്ഥിക്ക് വീക്കമുണ്ടാവുകയും ചെയ്യുന്നു. ഇതാണ് ഗോയിറ്റര്‍ അഥവാ കണ്ഠവീക്കം.


ദിവസേന കുറച്ചുമാത്രം കപ്പ കഴിക്കുന്നതുകൊണ്ട് ഗോയിറ്റര്‍ രോഗം ഉണ്ടാവില്ല. മരച്ചീനിയോടൊപ്പം മീനും കൂടി കഴിച്ചാല്‍ മീനിലുളള അയോഡിന്‍, ശരീരത്തിനു ലഭിക്കുന്നു. ചാള, അയല തുടങ്ങിയ കടല്‍ മത്സ്യങ്ങളില്‍ ധാരാളം അയോഡിന്‍ ഉണ്ട്. ദിവസേന ഇരുന്നൂറു ഗ്രാം കപ്പ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു കുഴപ്പവുമില്ല.
പ്രമേഹമുളളവര്‍ കപ്പ കഴിക്കുന്നത് വളരെ കുറയ്ക്കണം. കാരണം മരച്ചീനിയുടെ ഭൂരിഭാഗവും പഞ്ചസാരയുണ്ടാക്കുന്ന അന്നജമാണ്. പ്രമേഹമില്ലാ ത്തവര്‍ക്ക് എത്ര അന്നജം കഴിച്ചാലും ആഗ്നേയഗ്രന്ഥിയില്‍ നിന്നു വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുകൊളളും.
മരച്ചീനിയിലുളള സയനൈഡിന്റെ അംശം മാറ്റാം
മരച്ചീനിയില്‍ രണ്ടുതരം സൈനഡുകളുണ്ട്. ‘ലിനാമറി’നും ‘ലോട്ടോസ്ട്രാലി’ നും. ലിനാമറിന്‍ എന്ന സൈനോഗ്ളൂക്കോസൈഡാണ് നേരിയ അളവില്‍ മരച്ചീനിയിലുളള രണ്ടുതരം സയനൈഡുകളില്‍ പ്രധാനം ഇതിന് നാടന്‍ഭാഷയില്‍ കട്ട് എന്നു പറയും.
മരച്ചീനിയിലുളള സയനൈഡിന്റെ അംശം ശരിയായ പാചകരീതിയിലൂടെ പൂര്‍ണ്ണമായും മാറ്റാവുന്നതാണ്. ഒരു കിലോഗ്രാം മരച്ചീനി വേവിക്കുന്നതിന് അഞ്ചുലിറ്റര്‍ വെളളം ഉപയോഗിക്കണം എന്നാണ് കേന്ദ്രകിഴങ്ങുവര്‍ഗ്ഗ ഗവേഷണകേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.
മരച്ചീനി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ടുവേണം വേവിക്കാന്‍. മരച്ചീനി തണുത്ത വെളളത്തിലേക്ക് ഇട്ടിട്ട് തിളപ്പിക്കുകയാണു വേണ്ടത്. വെളളം തിളപ്പിച്ച ശേഷം അതിലേക്ക് മരച്ചീനിയിടാന്‍ പാടില്ല. തിളച്ച വെളളത്തിലേക്ക് മരച്ചീനി ഇടുമ്പോള്‍ മരച്ചീനിയിലെ വിഷാംശത്തെ സ്വതന്ത്രമാക്കുന്ന എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. വിഷാംശം സ്വതന്ത്രമായെങ്കില്‍ മാത്രമേ വെളളത്തില്‍ ലയിച്ച് പുറത്ത് പോകുകയുളളൂ. ഇതേ കാരണംകൊണ്ട് മരച്ചീനി പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. കട്ട് കൂടുതലുളള കപ്പയാണെങ്കില്‍ രണ്ടുമൂന്നു പ്രാവശ്യം വെളളം മാറ്റണം. തിളവരുമ്പോള്‍ത്തന്നെ വെളളം ഊറ്റിയശേഷം ഒന്നോരണ്ടോ പ്രാവശ്യംകൂടി വെളളമൊഴിച്ച് വേവിക്കാവുന്നതാണ്.
ഉണക്കിയെടുക്കുന്ന മരച്ചീനി എപ്പോഴും കട്ടിയുളള കഷണങ്ങളായി മുറിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരച്ചീനിയിലുളള സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ ഫലപ്രദമായി നടക്കുന്നു. വലിയ കഷണങ്ങള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍ അതിലെ ജലാംശം സാവധാനമേ നഷ്ടപ്പെടുന്നുളളൂ. സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയയ്ക്ക് ജലാംശം ആവശ്യമാണ്. ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന സയനെഡ്, കപ്പ വെയിലത്ത് ഉണങ്ങുമ്പോള്‍ പൂര്‍ണ്ണമായും അന്തരീക്ഷത്തിലേക്കു പോകുന്നു.
നീലനിറത്തിലുളള വരകള്‍ അപകടകാരിയല്ല
രണ്ടുമൂന്നു ദിവസം സൂക്ഷിക്കുന്ന കപ്പയുടെ പുറംതൊലിയും അകത്തെ തൊലിയും നീക്കം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നീലനിറത്തിലുളള വരകള്‍ കാണാറുണ്ട്. മരച്ചീനിയിലുളള വിഷാംശവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
മരച്ചീനിയിലുളള പോളിഫീനോളുകള്‍ ഓക്സീകരണം നടക്കുന്നതുവഴിയാണ് നീലനിറത്തിലുളള ‘പിഗ്മെന്റൂ’കള്‍ അഥവാ വര്‍ണ്ണകങ്ങള്‍ ഉണ്ടാവുന്നത്. പോളിഫീനോളുകള്‍ പോഷകങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന. പദാര്‍ത്ഥങ്ങളാ യിട്ടാണ് ഒരു കാലത്ത് കരുതിയിരുന്നത്. എന്നാല്‍ ഇവ ശരീരത്തിനു ഗുണം ചെയ്യുന്ന പദാര്‍ത്ഥങ്ങളായാണ് പഠനങ്ങളില്‍ തെളിഞ്ഞത്. മരച്ചീനിയുടെ നീലനിറം അതു വേവുന്ന പ്രക്രിയയെ ബാധിക്കുമെങ്കിലും അതു ശരീരത്തിന് ഒട്ടും ഹാനികരമല്ല.
മരച്ചീനി നല്ല ആഹാരം
ശരീരത്തിനാവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന നല്ലൊരു ആഹാരമാണ് മരച്ചീനി. കപ്പയുടെ കൂടെ മീനും കഴിച്ചാല്‍ നല്ലൊരു സമീകൃതാഹാരമായി.. മരച്ചീനിയില്‍ കൂടുതല്‍ നാരുകള്‍ ഉളളതിനാല്‍, ഇതുകഴിച്ചാല്‍ മലശോധനയ്ക്കു പ്രശ്നമുണ്ടാകില്ല. നാരുകളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ ആഗിരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.






No comments:

Post a Comment