Total Pageviews

Wednesday 5 October 2011

ഇന്ധനച്ചെലവില്ലാതെ ഈസി ഗോ

ഇന്ധനച്ചെലവില്ലാതെ ഈസി ഗോ 

കോതമംഗലം: ഇന്ധനച്ചെലവേറി പോക്കറ്റ് കാലിയാകുന്ന ഇക്കാലത്ത് ഈസിയായി പോകാന്‍ 4 വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ മുച്ചക്രവാഹനമാണ് ഇ-ഗോ - അല്ലെങ്കില്‍ ഈസി ഗോ എന്നു പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക്കല്‍ മോട്ടോര്‍ സൈക്കിള്‍. പരിസ്ഥിതി സൗഹൃദമായാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. ബാറ്ററിയും മോട്ടോറും അടങ്ങുന്ന ഒരു സര്‍ക്യൂട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തനവും നിയന്ത്രണവും. കേവലം 50 കിലോ മാത്രം ഭാരമുള്ള വണ്ടിക്ക് ശബ്ദവും പുകയുമില്ല എന്നതാണ് ഏറെ കൗതുകകരം.
വികലാംഗര്‍ക്കുപോലും നിഷ്പ്രയാസം ഓടിച്ചുപോകാന്‍ തക്കവണ്ണമായതുകൊണ്ടാണ് ഈസിഗോ വാഹനത്തിന് പേരിട്ടത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളായ ടി.പ്രദ്യോത്, പി.എന്‍.ഉല്ലാസ്, എ.ദീപക്, പി.ജെറിന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം നിര്‍മിച്ചത്. ശാസ്ത്രമേളയിലെ പ്രദര്‍ശനനഗരിയിലേക്ക് തങ്ങളുടെ എന്തെങ്കിലും പങ്കാളിത്തമുണ്ടാകണമെന്ന ദിവസങ്ങളുടെ ആശയസാക്ഷാത്കാരമാണ് ഈ മുച്ചക്രവാഹനം. കാര്‍, ബൈക്ക്, സൈക്കിള്‍ എന്നിവയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇലക്ട്രിക്കല്‍ വാഹനം നിര്‍മിച്ചിട്ടുള്ളത്.

സൈക്കിളിന്റെ ചക്രങ്ങളും ഫോര്‍ക്കും കാറിന്റെ സ്റ്റിയറിങ് സംവിധാനത്തില്‍ മുന്നിലെ ചക്രങ്ങള്‍ തിരിക്കാവുന്നതും ഷോക്ക്അബ്‌സോര്‍ബ് ഉള്‍പ്പെടെ ബാക്കി ഭാഗങ്ങള്‍ ഇരുചക്രവാഹനത്തിന്റെതുമാണ് നിര്‍മാണച്ചെലവ് 22000 രൂപയോളം വന്നു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ 18000 രൂപയില്‍ താഴെയേ വരികയുള്ളൂവെന്ന് പ്രദ്യോത് പറഞ്ഞു. ബാറ്ററി 5 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ രണ്ടര മണിക്കൂര്‍ ഈസിയായി പോകാം. സാധാരണ ഇന്ധനമുപയോഗിച്ചു ഓടുന്ന വാഹനത്തിന് ഇന്ധനഅളവ് മീറ്ററില്‍ കാണുന്നപോലെ ബാറ്ററിയുടെ ചാര്‍ജ് എത്രമാത്രം ഉണ്ടെന്നത് മീറ്റര്‍ ബോര്‍ഡില്‍ അറിയാം.

24 വോള്‍ട്ടിന്റെ ബാറ്ററിയും 400 വാട്ട്‌സിന്റെ മോട്ടോറുമാണ് വണ്ടിയുടെ പ്രധാനഘടകങ്ങള്‍. സാധാരണ മോട്ടോര്‍സൈക്കിളിലെ പോലെ ആക്‌സിലറേറ്ററും ബ്രേക്കും ഇന്‍ഡിക്കേറ്ററും ഹെഡ്‌ലൈറ്റുമെല്ലാം ഉണ്ട്. ഹെഡ്‌ലൈറ്റിന് പവര്‍ എല്‍ഇഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. മുച്ചക്രത്തില്‍ ഓടുന്ന വണ്ടിയുടെ മുന്‍ഭാഗം ചെറിയ കാറിന്റെ ആകൃതിയില്‍ അലുമിനിയവും ഫൈബര്‍ഗ്ലാസ്സുമുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 35 കിലോമീറ്ററാണ്. വാഹനത്തില്‍ സൗരോര്‍ജചാനലുകള്‍ ഘടിപ്പിച്ച് ചാര്‍ജും ചെയ്ത് ഓടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ നാല്‍വര്‍സംഘം. മേളയിലെ മുഖ്യാകര്‍ഷണമായി മാറിക്കഴിഞ്ഞ ഇതില്‍ സവാരി ചെയ്യാന്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുണ്ട്.

THE WAY OF LIFE