Total Pageviews

Monday 21 November 2011

പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.


പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.




ജീവിതപ്രശ്‌നങ്ങളും മാനസികവ്യഥകളുമായി മല്ലടിക്കാ ത്ത ആരുംതന്നെ ഉണ്ടാകില്ല. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ നമ്മെ പൂര്‍ണമായി മനസിലാക്കാന്‍ ആരുമില്ലല്ലോ എന്ന നഷ്‌ടബോധം നമ്മുടെയെല്ലാം മനസിലോടിയെത്താറുണ്ട്‌. ഒരു ഈശ്വരവിശ്വാസിക്ക്‌ ആ സമയങ്ങളിലെല്ലാം ഒരു അത്താണിയുണ്ട്‌ മനസില്‍. എന്നാല്‍, ഒരവിശ്വാസിക്ക്‌ അതിനുള്ള സാധ്യതയില്ല എന്നുതന്നെ പറയേണ്ടിവരും. വിശ്വാസികള്‍, അവിശ്വാസികളുടെമേല്‍ വിജയം നേടുന്നതിത്തരം സന്ദര്‍ഭങ്ങളിലാണ്‌.

ദൈവത്തിന്റെ ആ കരുതല്‍ ഒരു വിശ്വാസിക്ക്‌ ചിന്തിക്കാനാവാത്തവിധം നിഗൂഢമാണ്‌. വിശ്വാസികളായിരുന്നിട്ടുപോലും ചിലപ്പോള്‍ നമ്മള്‍ ചെറിയ വിഷമങ്ങള്‍ക്ക്‌ ദൈവത്തെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത്‌ വിശാലമായ സന്തോഷങ്ങള്‍ നമ്മെ കാത്തിരുന്നിട്ടും.

ദൈവത്തെ മാത്രമല്ല, നമുക്ക്‌ ചുറ്റുമുള്ളവരെയും നമ്മള്‍ ചിലപ്പോള്‍ കുറ്റപ്പെടുത്താറുണ്ട്‌. ``അവള്‍ അങ്ങനെയൊക്കെ ചെയ്‌തതുകൊണ്ടാണ്‌ നമ്മള്‍ ഇങ്ങനെയായിപ്പോയത്‌...'' എന്ന മട്ടില്‍. യഥാര്‍ത്ഥത്തില്‍ അവരുടെ ചെയ്‌തികള്‍ നമ്മെ ശിക്ഷിക്കുകയാണോ രക്ഷിക്കുകയാണോ ചെയ്‌തതെന്ന്‌ പിന്നീടൊരു സന്ദര്‍ഭത്തില്‍ അവലോകനം ചെയ്യുമ്പോള്‍ ദൈവത്തിന്റെ നിഗൂഢവഴികള്‍ മനസിലാകും. ചുറ്റുപാടുകളെ എത്ര അനുകൂലമായി ദൈ വം നമുക്കായി മാറ്റിമറിക്കുന്നുവെന്ന്‌ നമുക്ക്‌ ബോധ്യപ്പെടും.

ഒരു ചൈനീസ്‌ നാടോടിക്കഥയുണ്ട്‌- പത്തു കൂട്ടുകാര്‍ ഒരുമിച്ചു ജീവിച്ചുപോന്നു. ജോലിയും താമസവുമെല്ലാം ഒന്നിച്ച്‌. ഒരിക്കല്‍ പത്തുപേരും കൂടി യാത്രപോയി. കാല്‍നടയായിട്ടാണ്‌ യാത്ര. യാത്രക്കിടയില്‍ പെട്ടെന്ന്‌ അന്തരീക്ഷം മാറി. ശക്തിയായ കാറ്റും മഴയും കൂടെ ഇടിമിന്നലും.

മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. അവര്‍ സമീപത്തു കണ്ട ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ അഭയം തേടി.
കെട്ടിടത്തിനുള്ളില്‍ നിന്നിട്ടും അവരുടെ ഭയം മാറിയില്ല. അത്രയും ശക്തമായിരുന്നു ഇടിയും മിന്നലും. ഒരു നിമിഷംകൊണ്ട്‌ ഇടിയും മിന്നലും കാറ്റും ആ പഴയ കെട്ടിടത്തെ ഭസ്‌മമാക്കുമെന്നവര്‍ക്കു തോന്നി. ഭയംകൊണ്ടവര്‍ വിറയ്‌ക്കാന്‍ തു ടങ്ങി.

``വലിയ പാപം ചെയ്‌ത ആരോ ഒരാള്‍ നമുക്കിടയിലുണ്ട്‌. അയാളെ പുറത്താക്കിയാല്‍ ഒരുപക്ഷേ മറ്റുള്ളവര്‍ രക്ഷപ്പെടും'' ഒന്നാമന്‍ പറഞ്ഞു.
``അതു ശരിയാണെന്നു തോന്നുന്നു. ആ പാപിയെ തിരിച്ചറിയാന്‍ എന്താണു മാര്‍ഗം'' രണ്ടാമന്‍ ചോദിച്ചു.

``എല്ലാവരുടെയും തൊപ്പികള്‍ ആ വാതില്‍പ്പടിയില്‍ നിരത്തിവയ്‌ക്കാം. ആരുടെ തൊപ്പിയാണോ കാറ്റടിച്ച്‌ ആദ്യം പറക്കുന്നത്‌ അയാള്‍ പുറത്തിറങ്ങി ശിക്ഷ ഏറ്റുവാങ്ങണം'' മൂന്നാമന്‍ പറഞ്ഞു. അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍മാത്രം അതിനെ എതിര്‍ത്തു. അയാള്‍ പറഞ്ഞു: ``നമ്മളില്‍ ഒരാളെങ്കിലും തിന്മയെക്കാള്‍ കൂടുതല്‍ നന്മ ചെയ്‌തിട്ടുണ്ടാകും. ആ ഒരാളെ കരുതിയായിരിക്കണം മിന്നലുകള്‍ അകത്തേക്ക്‌ വരാതിരിക്കുന്നത്‌. നല്ലവനായ ഒരാളെങ്കിലും കൂടെയുള്ളപ്പോള്‍ നാം ഭയക്കേണ്ടതില്ല.''

എന്നാല്‍ അയാളുടെ വാക്കുകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. എല്ലാ തൊപ്പികളും വാതില്‍പ്പടിയില്‍ നിരത്തിവച്ചു. ഒരറ്റത്തുവച്ച പ്രായം കുറഞ്ഞയാളി ന്റെ തൊപ്പിമാത്രം കാറ്റ്‌ പറത്തി. പരിഹാസവാക്കുകളോടെ മറ്റുള്ളവര്‍ അയാളെ തള്ളിപ്പുറത്താക്കി.

അയാള്‍ പുറത്തെത്തേ ണ്ട താമസം, ഭയങ്കര പ്രകാശത്തോടെ ഒരു മിന്നലും കാതടപ്പിക്കുന്ന ശബ്‌ദത്തി ല്‍ ഒരു ഇടിവെട്ടുമുണ്ടായി! കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഒമ്പതുപേരും ആ മിന്നലില്‍ കരിഞ്ഞു ചാമ്പലായി.
കണ്ടില്ലേ, ദൈവത്തിന്റെ കരുതല്‍ നിഷേധിച്ചപ്പോഴുണ്ടായ അനുഭവം. മനസിലാക്കാനാവില്ല, നമുക്ക്‌ ദൈവത്തിന്റെ വഴികള്‍. അത്രയും നിഗൂഢമാണത്‌ എന്നതുകൊണ്ടുതന്നെ. വിശ്വസിച്ചേക്കുക, ദൈവം നമ്മെ കൂടുതല്‍ മെച്ചമായ ഒന്നിലേക്കാണ്‌ നയിക്കുന്നതെന്ന്‌. ആ വിശ്വാസമുണ്ടെങ്കില്‍ പിന്നെയെന്ത്‌ ദുഃഖം, പരാതി? നമ്മള്‍ സന്തോഷവാന്മാരായി മാറ്റപ്പെടും. ഈ ലോകത്തില്‍ ഏറ്റവും നല്ലൊരവസ്ഥ `സന്തോഷവാന്മാരായിരിക്കുക' എന്നുള്ളതാണ്‌. നമുക്ക്‌ ചുറ്റുമുള്ളവരെയും അത്‌ സന്തോഷമുള്ളവരാക്കി മാറ്റും. പകരുന്ന ഒരവസ്ഥയാണത്‌. ലോകം മുഴുവന്‍ സന്തോഷമുള്ളവരെക്കൊണ്ട്‌ നിറയട്ടെ. അതിന്റെ ആദ്യ ത്തെ ചുവട്‌ നമ്മുടെ പാദംകൊണ്ടു തന്നെയാകട്ടെ.