Total Pageviews

Sunday 12 June 2011

സൂക്ഷിക്കുക, മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌





മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പ്രോഗ്രാം പടരുന്നതായി മുന്നറിയിപ്പ്. 'സോഫോസ്' (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്.

മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക.

അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും!

വളരെ വിദഗ്ധമായ ആക്രമണമാണ് ഈ വ്യാജന്‍ നടത്തുന്നതെന്ന് സോഫോസ് പറയുന്നു. ഒട്ടേറെ ഉപഭോക്താക്കളെ, ശരിക്കുള്ള മൈക്രോസോഫ്ട് അപ്‌ഡേറ്റാണെന്ന് വിശ്വസിപ്പിച്ച് കുടുക്കില്‍ പെടുത്താന്‍ അതിന് സാധിക്കുന്നുണ്ടത്രേ.

മാത്രമല്ല, മാസംതോറും മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ പുറത്തുവരാറുള്ള സമയത്താണ് ഈ വ്യാജന്‍ രംഗത്തെത്തിയത് എന്നകാര്യവും ഒട്ടേറെ ഉപഭോക്താക്കളെ വെട്ടിലാക്കാലാക്കാന്‍ സഹായിച്ചു.

എന്നത്തേക്കാളുമേറെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കരുതലുണ്ടാകേണ്ട സമയമാണിതെന്ന് സോഫോസിലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേ പറഞ്ഞു. വ്യാജ ആന്റിവൈറസ് ആക്രമണം സൈബര്‍ ക്രിമിനലുകളെ സംബന്ധിച്ച് വലിയ ബിസിനസാണെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രൗസറുകളില്‍ അപ്‌ഡേറ്റുകളെന്ന പേരില്‍ പോപ്പപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാന്‍ മുതിരരുത്. മാത്രമല്ല, എപ്പോഴെങ്കിലും ഫയര്‍ഫോക്‌സില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെടുന്നുവെങ്കിലും സൂക്ഷിക്കുക, കെണിയാകാം

ഐഫോണ്‍ കയ്യിലുണ്ടോ, ചുമ്മാ കാശുണ്ടാക്കാം!



 
വന്‍‌തുക മുടക്കി ഐഫോണ്‍ എടുത്തവര്‍ക്ക് തങ്ങളുടെ കയ്യിലുള്ള അത്യന്താധുനിക ഫോണ്‍ തന്നെ അഭിമാനിക്കാനുള്ള വകയാണ്. എന്നാല്‍ ഐഫോണ്‍ കയ്യിലുണ്ടെങ്കില്‍ ചുമ്മാ പൈസ സമ്പാദിക്കുകയും ചെയ്യാമെങ്കില്‍ ‘ഇരട്ടിമധുരം’ ആയില്ലേ? ഇത് വായിച്ച് ഇന്ത്യയിലുള്ള ഐഫോണ്‍ യൂസര്‍മാര്‍ സന്തോഷിക്കാന്‍ വരട്ടെ. സാന്‍ ഫ്രാന്‍സിസ്കോ, ലോസ് ഏഞ്ചലസ്, ചിക്കാഗോ, സൌത്ത് ഫ്ലോറിഡ, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, ഫിലഡെല്‍ഫിയ തുടങ്ങിയ ഇടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ നിങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഈ വരുമാനമാര്‍ഗം നിലവിലില്ല എങ്കിലും ഭാവിയില്‍ വന്നേക്കും എന്നതിനാല്‍ ഐഫോണ്‍ എങ്ങിനെയാണ് പൈസ കൊണ്ടുവരിക എന്ന് നമുക്ക് കാണാം.
 
ഗിഗ്‌വാക്ക് (Gigwalk) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ യൂസര്‍മാരെ പൈസ സമ്പാദിക്കാന്‍ സഹായിക്കുന്നത്. ഗിഗ്‌വാക്ക് സൈറ്റില്‍ നിന്ന് ഗിഗ്‌വാക്ക് ആപ്ലിക്കേഷന്‍ ഇറക്കി, ഇസ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് പണവേട്ട തുടങ്ങാം. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ എന്തൊക്കെ ജോലികളാണ് നിങ്ങളുടെ പരിസരത്ത് ഉള്ളതെന്ന് ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും. ഐഫോണിലെ ജി‌പി‌എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ആണ് സമീപത്തുള്ള ജോലി കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നത്.
 
ഒരു സാധാരണ ജോലി ഇങ്ങിനെയായിരിക്കും - ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹോട്ടലില്‍ കയറുക. അവിടെയുള്ള സപ്ലയര്‍മാര്‍ എങ്ങിനെ പെരുമാറുന്നുവെന്ന് വീക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുക്കുക. ഹോട്ടലിലെ ‘നീറ്റ്‌നസ്’ പന്തിയല്ല എങ്കില്‍ അതും ഫോട്ടോയോ വീഡിയോയോ ആക്കിമാറ്റാം. ഇനിയൊരു ബിയര്‍ വാങ്ങിനോക്കുക. ബാറിലെ ജോലിക്കാരന്‍ നിങ്ങളുടെ ഐഡി ചോദിക്കുന്നില്ലെങ്കിലോ മോശമായി പെരുമാറുന്നുവെങ്കിലോ ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ അതും വീഡിയോയാക്കുക. തുടര്‍ന്ന് നിങ്ങള്‍ കണ്ട കാര്യങ്ങള്‍ ഗിഗ്‌വാക്കിനെ ഫോണിലെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുക.
 
മുന്നൂറ് രൂപാ തൊട്ട് അഞ്ഞൂറ് രൂപാ വരെ ഈ ജോലി ചെയ്തതിന് നിങ്ങള്‍ക്ക് ചാര്‍ജുചെയ്യാം. വാങ്ങിയ ബിയറിന്റെ പൈസ വേറെ ലഭിക്കുകയും ചെയ്യും. ഹോട്ടല്‍ ഉടമസ്ഥനോ ഹോട്ടല്‍ റേറ്റുചെയ്യുന്ന കമ്പനികളോ ആണ് ഈ പൈസ നിങ്ങള്‍ക്ക് ഗിഗ്‌വാക്ക് വഴി കൈമാറുക. ‘പേപാള്‍’ എന്ന പണകൈമാറ്റ സംവിധാനത്തിലൂടെയാണ് പണം നിങ്ങളെ തേടിയെത്തുക.
 
എന്നാല്‍ ചെയ്യുന്ന ജോലിക്കെല്ലാം പൈസ കിട്ടുമെന്ന് കരുതേണ്ട. ചില ജോലികള്‍ പൊതുസേവനങ്ങളാണ്. പാര്‍ക്കിലോ റോഡിലോ കിടക്കുന്ന ഒഴിഞ്ഞ കാനുകള്‍ പെറുക്കി ട്രാഷ് ബിന്നിലിടുക, ബീച്ചിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ ജി‌പി‌എസ് വഴി ഗിഗ്‌വാക്ക് നിങ്ങള്‍ക്ക് നല്‍‌കും. നിങ്ങള്‍ ഈ ജോലികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് ലഭിക്കും. കൂടുതല്‍ ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് എന്നാല്‍ കൂടുതല്‍ ‘വിശ്വാസ്യത’ എന്നാണ് അര്‍ത്ഥം. നിങ്ങളുറ്റെ വിശ്വാസ്യത കൂടിയാല്‍ കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികള്‍ നിങ്ങളെ തേടിയെത്താന്‍ തുടങ്ങും. ഗിഗ്‌വാക്ക് ജോലികള്‍ ചെയ്ത് ഒരൊറ്റ മാസം കൊണ്ടുതന്നെ ഒരുലക്ഷം രൂപ സമ്പാദിച്ചുവെന്ന് ഒരു യൂസര്‍ മാഷബിള്‍ പോയിന്റില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗിഗ്‌വാക്ക് സേവനം ഇന്ത്യയിലെത്താന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

ബിസിനസ് തുടങ്ങിക്കോളൂ... ഇതാ പണം



 

ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു.
 
എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും ജോബ് ഓഫര്‍ വേണ്ടെന്നുവെച്ച് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കേരളത്തില്‍ ഏറിവരികയാണ്.
 
ഇവരെ മാതൃകയാക്കാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവര്‍ ഇന്ന് ആരുണ്ട്? പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?' സംരംഭകത്വത്തിലേക്ക് എടുത്തുചാടുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നത് ഈ ചിന്തയാണ്.
 
പക്ഷെ, പുതുതായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രാരംഭ മൂലധനം കണ്ടെത്താന്‍ ഇന്ന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. ബാങ്ക് വായ്പകള്‍ മുതല്‍ സര്‍ക്കാര്‍ ഗ്രാന്റ് വരെ ഇതില്‍ പെടുന്നു. ഓരോന്നിനെയും കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവിടെ. വിശദാംശങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായോ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തിയവരുമായോ ബന്ധപ്പെടുക. ടെക്‌നോളജി അധിഷ്ഠിത ബിസിനസ്സാണെങ്കില്‍ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുള്ള ഇന്‍ക്യുബേഷന്‍ സെന്ററുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.technoparktbi.org ഫോണ്‍: 0471-2700222
 

ബാങ്ക് വായ്പ
മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വ്യവസായ വായ്പ ലഭ്യമാക്കുന്നുണ്ട്. ഓഫീസ് സ്‌പേസ് വിപുലീകരിക്കാനും ഏറ്റെടുക്കാനും ഫര്‍ണീഷ് ചെയ്യാനുമൊക്കെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. ഓഫീസ് സ്‌പേസ് തന്നെ ഈടായി നല്‍കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 9-11.75 ശതമാനമാണ് പലിശ. ചില ബാങ്കുകള്‍ ഒരു കോടി രൂപ വരെ പലിശ നല്‍കുന്നുണ്ട്. ഓരോ ബാങ്കിലും പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ബാങ്കുകള്‍ക്ക് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി എന്നിവയും ഇത്തരത്തില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്.
 
ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം
ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പരമാവധി ഒരു കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ ലഭ്യമാണ്.
 
ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍
പുതുസംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നവരെയാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നു പറയുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രതാരം ഇത്തരത്തില്‍ ഏതാനും കമ്പനികളില്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തം എടുത്തുകൊണ്ടാണ് ഇവര്‍ നിക്ഷേപം നടത്തുക. സാധാരണ 40 ശതമാനം വരെ ഓഹരി പങ്കാളിത്തമെടുക്കാറുണ്ട്. രണ്ടും മൂന്നും വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ നിക്ഷേപം പിന്‍വലിച്ച് ലാഭമെടുക്കും.
 
സീഡ് ഇന്‍വെസ്റ്റേഴ്‌സ്
പുതുതായുള്ള സംരംഭങ്ങള്‍ക്ക് വളരാന്‍ വേണ്ട പണം നല്‍കുകയാണ് സീഡ് ഫണ്ടുകള്‍ ചെയ്യുന്നത്. പലപ്പോഴും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തന്നെയാണ് സീഡ് ഫണ്ടുകളും കൈകാര്യം ചെയ്യുക. ഇവിടെയും പണത്തിന് പകരം ഓഹരിയാണ് ഇവര്‍ എടുക്കുക. നാലഞ്ച് വര്‍ഷം വരെ നിക്ഷേപകരായി തുടരും. തുടര്‍ന്ന് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കായി ഇവര്‍ വഴിമാറും.
 
സിഡ്ബി റിസ്‌ക് ക്യാപ്പിറ്റല്‍
ഒരു സംരംഭം തുടങ്ങുമ്പോള്‍ മൂലധനത്തിന്റെ 65-70 ശതമാനം വരെ മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. പലപ്പോഴും ശേഷിച്ച തുക പൂര്‍ണമായി കണ്ടെത്താന്‍ സംരംഭകര്‍ക്ക് കഴിഞ്ഞു എന്നു വരില്ല. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി ആവിഷ്‌കരിച്ചിരിക്കുന്ന റിസ്‌ക് ക്യാപ്പിറ്റല്‍ ഫണ്ട്. ടേം ലോണിനെക്കാള്‍ പലിശ കൂടുമെങ്കിലും ഈടില്ലാതെ പണം കണ്ടെത്താമെന്നതാണ് സവിശേഷത.
 

ടെക്‌നോളജി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് (ടിഡിബി)ഈ രംഗത്തുള്ള സംരംഭങ്ങള്‍ക്ക് വായ്പകള്‍, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ് എന്നിവ ലഭ്യമാക്കുന്നുണ്ട്. ടെക്‌നോളജി ഇക്യുബേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ പ്രാരംഭ ഫണ്ട് ലഭിക്കും. ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാമിലൂടെ ഗ്രാന്റായി 75,000 രൂപ മുതല്‍ 45 ലക്ഷം രൂപ വരെ ലഭിക്കാനും അവസരമുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് ലഭിക്കുന്നുണ്ട്.