Total Pageviews

Sunday 12 June 2011

ഐഫോണ്‍ കയ്യിലുണ്ടോ, ചുമ്മാ കാശുണ്ടാക്കാം!



 
വന്‍‌തുക മുടക്കി ഐഫോണ്‍ എടുത്തവര്‍ക്ക് തങ്ങളുടെ കയ്യിലുള്ള അത്യന്താധുനിക ഫോണ്‍ തന്നെ അഭിമാനിക്കാനുള്ള വകയാണ്. എന്നാല്‍ ഐഫോണ്‍ കയ്യിലുണ്ടെങ്കില്‍ ചുമ്മാ പൈസ സമ്പാദിക്കുകയും ചെയ്യാമെങ്കില്‍ ‘ഇരട്ടിമധുരം’ ആയില്ലേ? ഇത് വായിച്ച് ഇന്ത്യയിലുള്ള ഐഫോണ്‍ യൂസര്‍മാര്‍ സന്തോഷിക്കാന്‍ വരട്ടെ. സാന്‍ ഫ്രാന്‍സിസ്കോ, ലോസ് ഏഞ്ചലസ്, ചിക്കാഗോ, സൌത്ത് ഫ്ലോറിഡ, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, ഫിലഡെല്‍ഫിയ തുടങ്ങിയ ഇടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ നിങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഈ വരുമാനമാര്‍ഗം നിലവിലില്ല എങ്കിലും ഭാവിയില്‍ വന്നേക്കും എന്നതിനാല്‍ ഐഫോണ്‍ എങ്ങിനെയാണ് പൈസ കൊണ്ടുവരിക എന്ന് നമുക്ക് കാണാം.
 
ഗിഗ്‌വാക്ക് (Gigwalk) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ യൂസര്‍മാരെ പൈസ സമ്പാദിക്കാന്‍ സഹായിക്കുന്നത്. ഗിഗ്‌വാക്ക് സൈറ്റില്‍ നിന്ന് ഗിഗ്‌വാക്ക് ആപ്ലിക്കേഷന്‍ ഇറക്കി, ഇസ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് പണവേട്ട തുടങ്ങാം. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ എന്തൊക്കെ ജോലികളാണ് നിങ്ങളുടെ പരിസരത്ത് ഉള്ളതെന്ന് ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും. ഐഫോണിലെ ജി‌പി‌എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ആണ് സമീപത്തുള്ള ജോലി കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നത്.
 
ഒരു സാധാരണ ജോലി ഇങ്ങിനെയായിരിക്കും - ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹോട്ടലില്‍ കയറുക. അവിടെയുള്ള സപ്ലയര്‍മാര്‍ എങ്ങിനെ പെരുമാറുന്നുവെന്ന് വീക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുക്കുക. ഹോട്ടലിലെ ‘നീറ്റ്‌നസ്’ പന്തിയല്ല എങ്കില്‍ അതും ഫോട്ടോയോ വീഡിയോയോ ആക്കിമാറ്റാം. ഇനിയൊരു ബിയര്‍ വാങ്ങിനോക്കുക. ബാറിലെ ജോലിക്കാരന്‍ നിങ്ങളുടെ ഐഡി ചോദിക്കുന്നില്ലെങ്കിലോ മോശമായി പെരുമാറുന്നുവെങ്കിലോ ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ അതും വീഡിയോയാക്കുക. തുടര്‍ന്ന് നിങ്ങള്‍ കണ്ട കാര്യങ്ങള്‍ ഗിഗ്‌വാക്കിനെ ഫോണിലെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുക.
 
മുന്നൂറ് രൂപാ തൊട്ട് അഞ്ഞൂറ് രൂപാ വരെ ഈ ജോലി ചെയ്തതിന് നിങ്ങള്‍ക്ക് ചാര്‍ജുചെയ്യാം. വാങ്ങിയ ബിയറിന്റെ പൈസ വേറെ ലഭിക്കുകയും ചെയ്യും. ഹോട്ടല്‍ ഉടമസ്ഥനോ ഹോട്ടല്‍ റേറ്റുചെയ്യുന്ന കമ്പനികളോ ആണ് ഈ പൈസ നിങ്ങള്‍ക്ക് ഗിഗ്‌വാക്ക് വഴി കൈമാറുക. ‘പേപാള്‍’ എന്ന പണകൈമാറ്റ സംവിധാനത്തിലൂടെയാണ് പണം നിങ്ങളെ തേടിയെത്തുക.
 
എന്നാല്‍ ചെയ്യുന്ന ജോലിക്കെല്ലാം പൈസ കിട്ടുമെന്ന് കരുതേണ്ട. ചില ജോലികള്‍ പൊതുസേവനങ്ങളാണ്. പാര്‍ക്കിലോ റോഡിലോ കിടക്കുന്ന ഒഴിഞ്ഞ കാനുകള്‍ പെറുക്കി ട്രാഷ് ബിന്നിലിടുക, ബീച്ചിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ ജി‌പി‌എസ് വഴി ഗിഗ്‌വാക്ക് നിങ്ങള്‍ക്ക് നല്‍‌കും. നിങ്ങള്‍ ഈ ജോലികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് ലഭിക്കും. കൂടുതല്‍ ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് എന്നാല്‍ കൂടുതല്‍ ‘വിശ്വാസ്യത’ എന്നാണ് അര്‍ത്ഥം. നിങ്ങളുറ്റെ വിശ്വാസ്യത കൂടിയാല്‍ കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികള്‍ നിങ്ങളെ തേടിയെത്താന്‍ തുടങ്ങും. ഗിഗ്‌വാക്ക് ജോലികള്‍ ചെയ്ത് ഒരൊറ്റ മാസം കൊണ്ടുതന്നെ ഒരുലക്ഷം രൂപ സമ്പാദിച്ചുവെന്ന് ഒരു യൂസര്‍ മാഷബിള്‍ പോയിന്റില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗിഗ്‌വാക്ക് സേവനം ഇന്ത്യയിലെത്താന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment