Total Pageviews

Wednesday 9 November 2011

നിരീശ്വരവാദിയുടെ ചോദ്യം







                            വിധവയായ വൃദ്ധ ഒറ്റയ്‌ക്കായിരുന്നു ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്‌. എല്ലാദിവസവും രാവിലെ മുറി തുറന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ `ദൈവമേ, എന്നെ കാത്തുസംരക്ഷിച്ചതിന്‌ നന്ദി' എന്നുറക്കെ പറയുമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്നത്‌ നിരീശ്വരവാദിയായിരുന്നു. വൃദ്ധ ദൈവത്തിന്‌ നന്ദി പറയുമ്പോള്‍ അയാള്‍ മുറ്റത്തിറങ്ങി ദൈവമില്ലെന്ന്‌ ഉറക്കെ വിളിച്ചുപറയുന്നതും പതിവായിരുന്നു. പക്ഷേ, അവരതൊന്നും ഗൗനിച്ചിരുന്നില്ല. ഒരു ദിവസം രാവിലെ പതിവുപോലെ ദൈവത്തിന്‌ നന്ദിയര്‍പ്പിച്ചപ്പോള്‍ അവര്‍ ഇങ്ങനെകൂട്ടിച്ചേര്‍ത്തു. നാളത്തേക്ക്‌ ഭക്ഷണത്തിനുള്ള സാധനങ്ങളൊന്നും ഇവിടെ ഇല്ല. അവിടുന്ന്‌ കനിയണമേ. പിറ്റേന്ന്‌ രാവിലെ നോക്കുമ്പോള്‍ അരിയും പച്ചക്കറികളുമായി ഒരു ചാക്ക്‌ വീടിന്റെ തിണ്ണയില്‍ ഉണ്ടായിരുന്നു. പട്ടിണികിടക്കാന്‍ അനുവദിക്കാതെ ഭക്ഷണം നല്‌കി എന്നെ അനുഗ്രഹിച്ച ദൈവത്തിന്‌ ഞാന്‍ നന്ദി പറയുന്നു എന്നവര്‍ പതിവിലും ഉറക്കെയാണ്‌ പറഞ്ഞത്‌. അതു കേട്ടപ്പോള്‍ നിരീശ്വരവാദി ഉറക്കെ പറഞ്ഞു, ``ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസിലായില്ലേ ദൈവം ഇല്ലെന്ന്‌. ഇന്നലെ രാത്രി ഞാനാണ്‌ ഈ സാധനങ്ങള്‍ ഇവിടെ വച്ചത്‌.''
``നിരീശ്വരവാദികളിലൂടെപ്പോലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‌ നന്ദി പറയുന്നു.'' വൃദ്ധ മുട്ടുകുത്തിനിന്നാണ്‌ നന്ദിപ്രകാശനം നടത്തിയത്‌.
``തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, ഹൃദയപരമാര്‍ത്ഥതയോടെ
വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവ്‌ സമീപസ്ഥനാണ്‌'' 
(സങ്കീ.145:18).