Total Pageviews

Saturday 11 June 2011

കേരളം യു.പിയോ ഝാര്‍ഖണ്ഡോ ആകാന്‍ ഇനി എത്ര നാള്‍?




ക്രിമിനലുകള്‍ കൊടികുത്തിവാഴുന്ന ഉത്തര്‍പ്രദേശിനേയോ മധ്യപ്രദേശിനേയോ ഝാര്‍ഖണ്ഡിനേയോ പോലുള്ള സംസ്‌ഥാനമായി കേരളം മാറാന്‍ ഇനി എത്രനാള്‍ വേണ്ടിവരും? വളരെ ആശങ്കയുണര്‍ത്തി ഓരോ കേരളീയന്റെയും മനസില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു ചോദ്യം ഇതാണ്‌.

ഈ പ്രശ്‌നത്തിന്റെ ഗൗരവം അതിന്റെ എല്ലാ അര്‍ഥത്തിലും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത്‌ ഏറെ ആശ്വാസകരമായ കാര്യമാണ്‌. അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തശേഷം നടത്തിയ രണ്ടു പ്രസംഗങ്ങളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണു തന്റെ സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുകയെന്നതാണ്‌. അതിനുള്ള നടപടിയെന്ന നിലയില്‍ സംസ്‌ഥാനത്തു വ്യാപിച്ചിരിക്കുന്ന മാഫിയാ സംഘങ്ങളെ അമര്‍ച്ചചെയ്യുമെന്നും ക്രിമിനലുകളുമായി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉണ്ടാക്കിയിട്ടുള്ള ബാന്ധവം അവസാനിപ്പിക്കുന്നതിനു കര്‍ശന നടപടികള്‍ തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നുമാണ്‌.

ഒരു പുതിയ മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനങ്ങളെന്ന നിലയില്‍ കേള്‍ക്കാന്‍ കൗതുകമുള്ള കാര്യങ്ങളാണ്‌ ഇവ. പക്ഷേ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കാര്യമായ എന്തെങ്കിലും ചെയ്യുന്നതിന്‌ ഉമ്മന്‍ചാണ്ടിക്കു കഴിയുമോ എന്ന കാര്യത്തില്‍ സംശയം മാത്രമുള്ളവരാണു കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. ഇന്നത്തെ രാഷ്‌ട്രീയ ഭരണാധികാരികള്‍ക്കു ചെയ്യാന്‍ കഴിയാത്തതാണ്‌ ഇക്കാര്യങ്ങളെന്നു വിശ്വസിക്കുന്നവരായി സാധാരണ ജനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.

പണം കൊടുത്താല്‍ ആരെയും വകവരുത്തുന്നതിനു ശേഷിയുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ വിഹാരഭൂമിയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്‌ എന്നതൊരു യാഥാര്‍ഥ്യമാണ്‌. അതു കഴിഞ്ഞ സി.പി.എം. മുന്നണിയുടെ ഭരണംകൊണ്ടു സംഭവിച്ച കാര്യമൊന്നുമല്ല. കുറഞ്ഞതു കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ ഓരോ ദിവസവും വളരുകയായിരുന്നു കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍. ആ സംഘങ്ങള്‍ വളര്‍ന്നതു സംസ്‌ഥാനത്തെ ഒരു വിഭാഗം പോലീസ്‌ ഉദ്യോഗസ്‌ഥരുടെ പങ്കാളിത്തത്തോടുകൂടിയാണ്‌. ഒരു സംസ്‌ഥാനത്തും പോലീസിന്റെ പിന്തുണയും സംരക്ഷണവുമില്ലാതെ ഒരു ക്വട്ടേഷന്‍ സംഘത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. കേരളത്തില്‍ സംഭവിച്ചിരിക്കുന്നതു ക്വട്ടേഷന്‍ സംഘം എന്ന ക്രിമിനല്‍ പ്രവര്‍ത്തന ശൃംഖലയില്‍ പോലീസ്‌ ഓഫീസര്‍മാര്‍പോലും അംഗങ്ങളാണെന്നതാണ്‌.

പോലീസ്‌ മേധാവികളും ക്രിമിനല്‍ സംഘങ്ങളുമായി സംസ്‌ഥാനവ്യാപകമായി ഉണ്ടാക്കിക്കഴിഞ്ഞിട്ടുള്ള ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണു കഴിഞ്ഞ ഏപ്രില്‍ പതിനാറിനു രാത്രി മാതൃഭൂമി പത്രത്തിന്റെ കൊല്ലം ലേഖകന്‍ വി.ബി. ഉണ്ണിത്താനെ കൊലപ്പെടുത്തുന്നതിനുവേണ്ടി ഒരു ക്വട്ടേഷന്‍സംഘം നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ എം. സന്തോഷ്‌ നായര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നത്‌. മറ്റൊന്ന്‌ ഈയിടെ പ്രതികള്‍ക്കു വധശിക്ഷവരെ നല്‍കിക്കൊണ്ട്‌ കോടതി വിധി പ്രസ്‌താവിച്ച പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുറത്തുകൊണ്ടുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ ആരെയും കൊലപ്പെടുത്തുന്നതിനു പോലീസ്‌ പങ്കാളിത്തത്തോടെ ക്വട്ടേഷന്‍ സംഘങ്ങളെ കിട്ടുമെന്നുള്ളത്‌ ഇന്നത്തെ കേരളത്തിലെ ഒരു നഗ്ന യാഥാര്‍ഥ്യമാണ്‌. പക്ഷേ, അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്താല്‍ ഏതു പ്രമുഖ പത്രത്തിന്റെ പത്രലേഖകനായാലും വകവരുത്തുമെന്ന സ്‌ഥിതി സംജാതമായിക്കഴിഞ്ഞു എന്നത്‌ ആരെയാണു ഞെട്ടിക്കാത്തത്‌. കൊല്ലത്തു സര്‍ക്കാര്‍ ഗസ്‌റ്റ്ഹൗസില്‍ നടന്ന അബ്‌കാരി കോണ്‍ട്രാക്‌ടര്‍മാരുടെ മദ്യസല്‍ക്കാരത്തില്‍ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തതു സംബന്ധിച്ചും കായല്‍തീരത്തു റിസോര്‍ട്ട്‌ പണിയാന്‍ ഡിവൈ.എസ്‌.പി. സന്തോഷ്‌ നായരും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും ചേര്‍ന്ന്‌ ഭൂമി സ്വന്തമാക്കിയതു സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നതിനെക്കുറിച്ചും വി.ബി. ഉണ്ണിത്താന്‍ നല്‍കിയ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ട ഡിവൈ.എസ്‌.പി. ചുമതലപ്പെടുത്തുകയായിരുന്നു എന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടത്രേ.

പത്ര റിപ്പോര്‍ട്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ വ്യാപകമായ പ്രതിഷേധത്തിനു കാരണമായെങ്കിലും അതേക്കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞാണു നീങ്ങിയത്‌. അത്ര ശക്‌തമാണല്ലോ ക്രിമിനല്‍ ബാന്ധവമുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കെട്ടുപാടുകള്‍. പക്ഷേ, അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വളരെപ്പെട്ടെന്ന്‌ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ആ ക്രൈംബ്രാഞ്ചിന്റെ വലയിലാണു ഡിവൈ.എസ്‌.പി. കുടുങ്ങിയിരിക്കുന്നത്‌. ഇതുസംബന്ധിച്ചുള്ള പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിനുമുമ്പു നടന്ന ചില കൊലപാതകങ്ങളുടെയും ആസൂത്രിത ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളുടെയും പിന്നില്‍ ഈ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഉണ്ടായിരുന്നു എന്നതാണ്‌. പോലീസ്‌ സേനയില്‍ യൂണിഫോമിട്ട ക്രിമിനല്‍ കടന്നുകൂടിക്കഴിഞ്ഞ സ്‌ഥിതി ഭയാനകമല്ലേ?

പാലക്കാട്ടെ ഷീല വധക്കേസില്‍ രണ്ടാംപ്രതിക്കു വധശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതിവിധി പുറത്തുവന്നുകഴിഞ്ഞു. കേസന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ ദാസ്‌ പ്രതിഭാഗം ചേര്‍ന്ന കേസാണിതെന്നോര്‍ക്കണം. പക്ഷേ, ഒന്നാംപ്രതി സമ്പത്ത്‌ കേസന്വേഷണവേളയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ എല്ലാത്തിനേയും തകിടംമറിച്ചു. ഈ കൊലപാതകത്തിനു പിന്നിലുള്ള ഒട്ടേറെ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ സമ്പത്തിനെ പോലീസ്‌ കൊലചെയ്യുകയായിരുന്നുവെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. അതേത്തുടര്‍ന്നാണു സമ്പത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഏറ്റെടുത്തത്‌. സി.ബി.ഐ. ചാര്‍ജ്‌ചെയ്യാന്‍ പോകുന്ന സമ്പത്ത്‌ വധക്കേസില്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരായ ബി.എസ്‌. മുഹമ്മദ്‌ യാസിന്‍, വിജയ്‌ സാഖറെ, ഡിവൈ.എസ്‌.പി. രാമചന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ദാസ്‌ എന്നിവര്‍ പ്രതികളാണ്‌. എത്ര വ്യാപകമായിക്കഴിഞ്ഞു ക്രിമിനല്‍ സംഘങ്ങളുടെ കണ്ണികള്‍?

മറ്റുചില പ്രതികള്‍ ശിക്ഷിക്കപ്പെട്ട ഷീലാവധക്കേസ്‌ പറയുന്നത്‌ ധനാപഹരണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണ്‌. ഷീലയെ കൊലപ്പെടുത്തിയത്‌ അടുക്കളയില്‍നിന്നെടുത്ത ഒരു സാധാരണ കറിക്കത്തികൊണ്ട്‌ അതിനീചമായി കഴുത്തറുത്താണ്‌. ഏതെങ്കിലും തസ്‌കരന്‍മാരുടെ സംഘം പട്ടാപ്പകല്‍ ഒരായുധവുമില്ലാതെ ഭവനഭേദനത്തിനു പോകുമോ? ചില സുപ്രധാന രഹസ്യരേഖകളും മറ്റും കൈവശപ്പെടുത്തുന്നതിനു ഭവനത്തില്‍ ചെന്ന സംഘത്തിലെ അംഗമായിരുന്ന, ഷീലയുടെ ഒരു മുന്‍ ജീവനക്കാരന്‍ കൂടിയായ സമ്പത്തിനെ ആ ഗൃഹനായിക കണ്ടതിനെത്തുടര്‍ന്ന്‌ പുറത്തുനിന്നു സെല്‍ഫോണില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച്‌ കൊലചെയ്‌തെന്നായിരുന്നു പത്ര റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ആ വലിയ ക്രിമിനല്‍ സംഘത്തിന്റെ കണ്ണികളാണോ ഉയര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെന്ന ചോദ്യം സാധാരണ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്‌.

ഷൊര്‍ണൂരില്‍ സൗമ്യ എന്ന യുവതിയെ തീവണ്ടിയില്‍നിന്നു തള്ളിയിട്ട്‌ ബലാല്‍സംഗം ചെയ്‌തു കൊന്ന കേസിലെ പ്രതിയായ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ മുംബൈയില്‍നിന്നു പ്രഗല്‍ഭ അഭിഭാഷകസംഘമെത്തിയെന്നുള്ളതു വലിയ സംഭവമാണ്‌. തമിഴ്‌നാട്ടിലും കേരളത്തിലും ശക്‌തമായ വേരുകളുള്ള റെയില്‍വേ മോഷണ മാഫിയയിലെ കണ്ണിയാണത്രേ ഗോവിന്ദച്ചാമി. അങ്ങനെയെത്ര ഞെട്ടിപ്പിക്കുന്ന കഥകള്‍.

ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്മാരുമായി ബന്ധമുള്ള മാഫിയായും ക്വട്ടേഷന്‍ സംഘങ്ങളുമാണു കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനെ ശിഥിലമാക്കാന്‍ പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്നല്ല, ഏതെങ്കിലും രാഷ്‌ട്രീയ ഭരണാധികാരിക്കു കഴിയുമോ? ഒടുവില്‍ ജനങ്ങളുടെയിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം ചില രാഷ്‌ട്രീയ നേതാക്കള്‍വരെ ഈ മാഫിയാ സംഘങ്ങളുടെ തലതൊട്ടപ്പന്മാരോ പങ്കാളികളോ ആണെന്നതാണ്‌.

ഇന്നു കേരളത്തിലെ പല ബാറുകളുടെയും നടത്തിപ്പില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പങ്കാളികളാണെന്ന ആരോപണമാണ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. അതേപോലെ സംസ്‌ഥാനത്തോടുന്ന പല പ്രൈവറ്റ്‌ ബസുകളുടെയും ഉടമകള്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്മാരാണ്‌. അവരുടെ ഭാര്യമാരെയും ബന്ധുക്കളെയുമാണ്‌ ഡമ്മികളായി ഉടമസ്‌ഥാനത്തു നിര്‍ത്തിയിരിക്കുന്നത്‌. എത്രയോ ഓട്ടോറിക്ഷകളുടെ ഉടമസ്‌ഥന്മാര്‍ പോലീസുകാരാണ്‌. ക്രിമിനലുകളായ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ബലം ഈ പോലീസുകാരാണത്രേ. പകല്‍ ഓട്ടോറിക്ഷാ ഡ്രൈവിംഗിലും രാത്രി ക്വട്ടേഷന്‍ സംഘങ്ങളിലും ഏര്‍പ്പെടുന്നു ഈ ഡ്രൈവര്‍മാര്‍. ഇതേക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തി ക്രിമിനല്‍ സംഘങ്ങളുടെ കണ്ണികള്‍ പുറത്തുകൊണ്ടുവരാന്‍ പുതിയ മുഖ്യമന്ത്രിക്കു കഴിയുമോ?

നാളെ ഒരു ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഝാര്‍ഖണ്‌ഡോ ആയി മാറാവുന്ന കേരളത്തെ രക്ഷിക്കുന്നതിനുവേണ്ടി മാഫിയാ - പോലീസ്‌ ബാന്ധവവും ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ചയും തകര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഐക്യജനാധിപത്യമുന്നണിക്കും കഴിയുമോ? കഴിഞ്ഞില്ലെങ്കില്‍ സംഭവിക്കുക മാവോയിസ്‌റ്റുകളെപ്പോലെയുള്ള സായുധസംഘങ്ങള്‍ കേരളത്തിലും തലയുയര്‍ത്തുകയോ അതോടൊപ്പം ആയുധമെടുക്കാന്‍ ജനങ്ങള്‍ തയാറാവുകയോ ചെയ്യുക എന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും ഛത്തീസ്‌ഗഡിലും സംഭവിച്ചതു കേരളത്തില്‍ സംഭവിക്കുകയില്ലെന്ന കണക്കുകൂട്ടലുകളെല്ലാം പിഴയ്‌ക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.