Total Pageviews

Tuesday 21 June 2011

ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവിനെ 78കാരി കീഴ്‌പ്പെടുത്തി




എഴുകോണ്‍(കൊല്ലം): ഒരു മോഷ്ടാവും ഇത്തരമൊരു ചെറുത്തുനില്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതും പ്രായം 78 കഴിഞ്ഞ ഒരാളില്‍നിന്ന്. ബൈക്കിലെത്തി മാലപൊട്ടിച്ച മോഷ്ടാവിനെ പ്രായത്തെ തോല്പിച്ച സാഹസികതയിലൂടെ കീഴ്‌പ്പെടുത്തിയത് കുഴിമതിക്കാട് സ്വദേശി കുഞ്ഞേലി(78). ബൈക്കില്‍ പിടിച്ചുകിടന്ന അവരെ റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചെങ്കിലും മോഷ്ടാവിന് രക്ഷപ്പെടാനായില്ല. ഞായറാഴ്ച പകല്‍ 12ന് കുഴിമതിക്കാട് ചെക്കാലമുക്കിലായിരുന്നു സംഭവം.

Fun & Info @ Keralites.netവീടിനുസമീപത്തെ കടയില്‍നിന്ന് ഉപ്പുവാങ്ങി മടങ്ങുകയായിരുന്നു കുഞ്ഞേലി. വഴി ചോദിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവ് അവരെ സമീപിച്ചത്. മാല പൊട്ടിച്ചയുടന്‍ ബൈക്കില്‍ കടന്നുപിടിച്ച കുഞ്ഞേലിയെ ചവിട്ടിയിടാന്‍ മോഷ്ടാവ് ശ്രമിച്ചു. ഒരുതവണ വീണുപോയെങ്കിലും കിടന്നുകൊണ്ടുതന്നെ അവര്‍ വീണ്ടും ബൈക്കില്‍ പിടിച്ചുതൂങ്ങി.

കുഞ്ഞേലിയെ വലിച്ചിഴച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മോഷ്ടാവ് ശ്രമിച്ചെങ്കിലും അമ്പതുമീറ്ററോളം പോയപ്പോള്‍ ബൈക്ക് മറിഞ്ഞു. ഈ സമയം സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടി എഴുകോണ്‍ പോലീസില്‍ ഏല്പിക്കുകയും ചെയ്തു. മുഖത്തല തൃക്കോവില്‍വട്ടം താഴാംപണയില്‍ താമസിക്കുന്ന ഇടയ്ക്കിടം സ്വദേശി ശാന്തകുമാര്‍(26) ആണ് പിടിയിലായത്. കൈയിലുണ്ടായിരുന്ന ഉപ്പുപോലും കളയാതെയായിരുന്നു കുഞ്ഞേലിയുടെ സിനിമാരംഗങ്ങളെ വെല്ലുന്ന സാഹസികപ്രകടനം. കാല്‍മുട്ടിനും മറ്റും പരിക്കേറ്റ അവര്‍ ഇപ്പോള്‍ കുഴിമതിക്കാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. കുഴിമതിക്കാട് ചെക്കാലമുക്ക് കളീലഴികത്തുപടിഞ്ഞാറ്റതില്‍ പരേതനായ തോമസിന്റെ ഭാര്യയാണ് കുഞ്ഞേലി.

മോഷ്ടാവിന്റെ ബൈക്കില്‍നിന്ന് മുളകുപൊടി കവറും സ്പാനറും പോലീസ് കണ്ടെടുത്തു. ഇയാളെ എസ്.ഐ. ജോഷിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
ഒടുവില്‍ അഭിമാനിക്കാനും അതിശയപ്പെടാനും ഒരു വാര്‍ത്ത! 
എഴുപത്തിയെട്ടാം വസ്സില്‍ ചെറുപ്പക്കാരനായ കള്ളനെ കീഴടക്കുക, അതും അമ്പതു മീറ്ററോളം ബൈക്കില്‍ തൂങ്ങി, വലിചിഴച്ചിട്ടും വിടാതെ! 
അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍!!!
 
മലയാളക്കരയുടെ ധീര വനിതയാണിനി കുഞ്ഞേലിയമ്മ. സര്‍ക്കാരും ജനങ്ങളും അര്‍ഹമായ രീതിയില്‍ ധീരതാ പുരസ്ക്കാരം നല്‍കി അവരെ ആദരിക്കണം
കുഞ്ഞേലിയമ്മ എല്ലാ വനിതകള്‍ക്കും മാതൃകയാവട്ടെ...