Total Pageviews

Tuesday 14 June 2011

ദല്ലാള്‍ മാഫിയ പിടിമുറുക്കി; സ്‌ഥാനങ്ങള്‍ തട്ടിയെടുത്ത്‌ അതിവേഗം, ബഹുദൂരം

തിരുവനന്തപുരം: ഭരണത്തില്‍ ദല്ലാള്‍ മാഫിയ പിടിമുറുക്കുന്നു. താക്കോല്‍ സ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ ദല്ലാളന്‍മാരെ നിയമിക്കുന്നതിനെതിരേ യു.ഡി.എഫില്‍ പ്രതിഷേധം. യു.ഡി.എഫ്‌. അധികാരത്തിലേറിയശേഷം ഇടതുപക്ഷ സഹയാത്രികരെ വിവിധ തസ്‌തികകളില്‍ നിയമിച്ചു തുടങ്ങിയതാണു പ്രതിഷേധത്തിനു കാരണം.
സ്‌ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ ദല്ലാളന്‍മാര്‍ തലസ്‌ഥാനത്തെ ഹോട്ടലുകളില്‍ തമ്പടിക്കുകയാണ്‌. പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ചതു മുതല്‍ കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്കു ജൗളി വ്യാപാരിയെ തിരുകിക്കയറ്റിയതുവരെ സര്‍ക്കാരില്‍ ദല്ലാള്‍ മാഫിയക്കുള്ള സ്വാധീനം വ്യക്‌തമാക്കുന്നു.
പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ച പ്രശ്‌നം എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്‌ അന്വേഷണ ചുമതല നല്‍കി തലയൂരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പ്രഗത്ഭ അക്കാദമിക്‌ വിദഗ്‌ധര്‍ ഉള്‍പ്പെട്ട കൊച്ചി സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്കു തലസ്‌ഥാനത്തെ ജൗളി വ്യാപാരി ആലപ്പാട്‌ സണ്ണിയെ നിയമിച്ചതു ഞൊടിയിടയിലാണ്‌.
ലീഗിലെ ഉന്നതന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ രൂപം കൊള്ളുന്നു. നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ നിര്‍ദേശത്തോടെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌. ജനപ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഒപ്പുവീഴാന്‍ എടുത്തത്‌ അര മണിക്കൂര്‍. അതിവേഗം ഫയല്‍ പ്രത്യേക ദൂതന്‍ വഴി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്‌.
ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ സിന്‍ഡിക്കേറ്റ്‌ ലിസ്‌റ്റ് തടഞ്ഞുവച്ച ഗവര്‍ണര്‍ അന്ധാളിച്ചു. വ്യവസായിയുടെ വീട്ടില്‍ രാത്രിസല്‍ക്കാരമേറ്റു വാങ്ങുന്ന കണ്‍വീനര്‍മാരും ഉന്നതനേതാക്കളും അടങ്ങിയിരുന്നില്ല. രാജ്‌ഭവനിലേക്കു വിളിയോടു വിളി. ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇവരേക്കാള്‍ ഭേദം ഇടതുപക്ഷമായിരുന്നു. ഇത്രയും വൃത്തികേട്‌ അവര്‍ കാട്ടിയിട്ടില്ല - ഗവര്‍ണര്‍ സ്വന്തം ഓഫീസ്‌ സ്‌റ്റാഫിനോടു നടത്തിയ കമന്റ്‌. നടപടിക്രമം പാലിക്കാതെയായിരുന്നു ഈ തിരുകിക്കയറ്റല്‍. ഒഴിവുണ്ടായാല്‍ വൈസ്‌ ചാന്‍സലര്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യണം. ചാന്‍സലര്‍ പാനല്‍ സമര്‍പ്പിക്കാന്‍ വൈസ്‌ ചാന്‍സലറോട്‌ ആവശ്യപ്പെടും. അതു ലഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തി ഉത്തരവ്‌.
ഇതാണു നടപടിക്രമം. ഇവയൊക്കെ കാറ്റില്‍പറത്തിയായിരുന്നു ആലപ്പാട്‌ സണ്ണിയെ അവരോധിച്ചത്‌. എം.പിയായപ്പോള്‍ ശശി തരൂരിനു നല്‍കിയ ആഡംബര അത്താഴവിരുന്നില്‍ മദ്യം വിളമ്പി വിവാദം സൃഷ്‌ടിച്ച വിരുതനെയാണു നാടിന്റെ അഭിമാനമായ കുസാറ്റിന്റെ തലപ്പത്തു പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വിദേശമദ്യ ഉല്‍പാദകര്‍ക്കു വിലവര്‍ധിപ്പിച്ച്‌ കോടികള്‍ നല്‍കാന്‍ ചരടുവലിക്കുന്ന ലോബിക്കും അടുത്ത ബന്ധം. 700 കോടിയാണു ബിവറേജസ്‌ കോര്‍പറേഷന്‍ എല്ലാ ഡിസ്‌റ്റിലറികള്‍ക്കുമായി നല്‍കുന്നത്‌. മൂന്നു വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. ഇത്‌ 1000 കോടിയാക്കി വര്‍ധിപ്പിക്കാന്‍ ഡിസ്‌റ്റിലറി ലോബി ദല്ലാളന്‍മാരുമായി കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനുള്ള ഫയലും സെക്രട്ടേറിയറ്റില്‍ അതിവേഗം, ബഹുദൂരം പിന്നിട്ടു.
മന്ത്രിമാരുടെ മക്കള്‍ക്കു പേമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി, വിവരം പുറത്തായപ്പോള്‍ സീറ്റ്‌ വേണ്ടെന്നുവച്ച്‌ തലയൂരിയതിനു പിന്നാലെ മറ്റൊരു നാറ്റക്കേസുകൂടി പരസ്യമായി

No comments:

Post a Comment